Wed. Apr 8th, 2020

ഡൽഹിയിൽ സമാധാനത്തിന്‌ നിഷ്‌പക്ഷ ഇടപെടൽ വേണം: സിപിഐ എം

1 min read

ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിഷ്‌പക്ഷവും നീതിപൂർവവുമായ നിലയിൽ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടും സംസ്ഥാന സെക്രട്ടറി കെ എം തിവാരിയും കത്ത്‌ നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ ബലംപ്രയോഗിച്ച്‌ നീക്കം ചെയ്യണമെന്ന്‌ ആഹ്വാനംചെയ്‌ത ബിജെപി നേതാവ്‌ കപിൽ മിശ്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. ഇതുവഴി ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കാനാകുമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പൊലീസ്‌ ജനക്കൂട്ടത്തിനൊപ്പംചേർന്ന്‌ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്‌. പൊലീസിന്റെ വിശ്വാസ്യത തകർക്കുന്ന ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം. ഡൽഹിക്കു പുറത്തുള്ള കുഴപ്പക്കാർ തലസ്ഥാനത്ത്‌ പ്രവേശിക്കുന്നത്‌ തടയണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌ത്രീകൾ രണ്ടു മാസമായി സമാധാനപരമായ പ്രതിഷേധത്തിലായിരുന്നു. അക്രമത്തിനു പ്രേരിപ്പിക്കുന്ന പ്രസംഗം ഒരു കേന്ദ്രമന്ത്രി നടത്തിയശേഷമാണ്‌ പ്രക്ഷോഭകർക്കുനേരെ വെടിവയ്‌പ്‌ നടന്നത്‌.

സമാധാനം തകർക്കാനും വർഗീയസ്വഭാവമുള്ള കലാപം സൃഷ്ടിക്കാനും ശ്രമം നടക്കുന്നുവെന്ന്‌ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും ഇതിലൂടെ മനസ്സിലാക്കേണ്ടിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ പരാജയപ്പെടുകയോ അവയുടെ റിപ്പോർട്ടുകൾ അവഗണിക്കപ്പെടുകയോ ചെയ്‌തു– -കത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.