അത്ഭുതൻ :-വിനോദ് വൈശാഖി

ആരാണ്

പുഞ്ചിരിക്കണ്ണൻ

ഇടയ്ക്കിടെ,

കണ്ണുകൾകൊണ്ട്

ചിരിക്കുമൊരത്ഭുതൻ

 

പുഞ്ചിരിക്കണ്ണൻ

കമ്പ്യൂട്ടറിന്റെ കീ

തൊട്ടൊരു മാത്ര,

നീറും കവിത,

മിടിക്കുന്ന ലേഖനം

 

പൂക്കുറ്റി പോലെ

ഓണപ്പതിപ്പുകൾ,

ഒ എൻ വി കുടചൂടി

നിൽക്കും കവർ പടം,

 

മയ്യഴിക്കയ്യിൽ

പ്പിടഞ്ഞ പേനപ്പക,

ഏഴകൾക്കൊപ്പം

തളർന്ന വൻ

ചേരികൾ ..

 

ഇന്ത്യയെ

വിട്ടുപോകേണ്ട

താക്കീതുകൾക്കു

ത്തരം നല്കുന്ന

സച്ചിദാനന്ദനെ,

സ്ലേറ്റിൽ വിടർന്ന

മഴവില്ലുമായ് കവി

തൂക്കുപാലങ്ങൾ

കുലുക്കുന്ന പേജുകൾ

 

“ഇന്നു വായിച്ച

കവിതയിൽ

പൂത്തിരി കത്തി

ച്ചിറങ്ങും കുരീപ്പുഴ

ച്ചേട്ടനെ,

ഒറ്റ നിമിഷത്തിലാ

വിരൽത്താളം

നിറവഴിക്കുള്ളിൽ

വിരിച്ചെത്ര

ഭാഷകൾ

പുഞ്ചിരിക്കണ്ണനിൽ

പൂവിന്റെ പാട്ടുണ്ട്

പച്ചിലക്കാട്ടിൽ

പഠിച്ചൊരു പെൺകുട്ടി

ചുറ്റിക്കിടന്നാടു

മൂഞ്ഞാലിരുപ്പുണ്ട്.

 

പട്ടുപോകാത്ത

രഹസ്യം, ഇടയ്ക്കിടെ

ഞെട്ടിമുളച്ചു

വിരിഞ്ഞിലച്ച

ന്തമായ് പൊട്ടി

ച്ചിരിച്ചു പടർന്നൊരു

‘ഗീതകം’

കീ ബോർഡിലാകെ

പറന്നുതേൻ പക്ഷികൾ

 

കൈവിരൽത്താള

ത്തിനൊപ്പം മനസിന്ന

ടിത്തറ പൊട്ടിച്ചക

ത്തേക്കു വന്നവൾ

കെട്ടിപ്പടുത്തെതിർ

ദിക്കിലിരുന്നിരു

കണ്ണുകൾ നീന്തുന്ന

കാർമഷിപ്പൊയ്കയെ”

 

ഒറ്റക്കുതിപ്പിലാ

പുഞ്ചിരിക്കണ്ണനെ

കൊത്തിയെടുത്തു

പറന്നവളപ്പൊഴേ

 

മുറ്റത്തവൻനട്ട

ചെമ്പകം, പതിനഞ്ചു

വർഷത്തിലേക്കുമ്മ

വയ്ക്കുന്ന രാവതിൽ,

ചോദിച്ചതൊറ്റരഹസ്യ

മിടയ്ക്കവൻ

കണ്ണുകൾ കൊണ്ട്

ചിരിക്കുന്നതെങ്ങനെ ?”


Leave a Reply

Your email address will not be published.