പൗരത്വ ഭേദഗതി നിയമം ഉപേക്ഷിക്കണം ; കേന്ദ്രത്തിലും ഒറ്റക്കെട്ടായി പ്രതിപക്ഷം


പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നത്‌ നിർത്തിവയ്‌ക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ്‌ അനക്സില്‍ യോഗം ചേർന്നാണ് ആവശ്യം ഉന്നയിച്ചത്. യെച്ചൂരിക്കു പുറമെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ കെ ആന്റണി, ഗുലാംനബി ആസാദ്‌, അഹമ്മദ്‌ പട്ടേൽ, കെ സി വേണുഗോപാൽ, ഡി രാജ, ശരദ്‌ പവാർ, ഹേമന്ദ്‌ സോറൻ, ശരത്‌ യാദവ്‌, മനോജ്‌ ഝാ, പി കെ കുഞ്ഞാലിക്കുട്ടി, തോമസ്‌ ചാഴിക്കാടൻ, അജിത്‌ സിങ്‌, ഡി ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു. തുടർപ്രക്ഷോഭങ്ങൾക്കും യോഗം രൂപം നൽകി.

നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23, റിപ്പബ്ലിക്‌ ദിനമായ ജനുവരി 26, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 എന്നീ തീയതികളിൽ ഭരണഘടനാ സംരക്ഷണം മുൻനിർത്തി രാജ്യവ്യാപകമായി വിപുല പരിപാടികൾ സംഘടിപ്പിക്കും. സാമ്പത്തികത്തകർച്ച, വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ ജനകീയപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാതെ പൗരത്വ ഭേദഗതി നിയമംപോലുള്ളവയിലൂടെ വർഗീയ ധ്രുവീകരണത്തിനാണ്‌ കേന്ദ്രത്തിന്റെ ശ്രമമെന്ന്‌ പ്രതിപക്ഷ പാർടികൾ വ്യക്തമാക്കി.

കോൺഗ്രസ്‌, സിപിഐ എം, സിപിഐ, എൻസിപി, ആർജെഡി, ജെഎംഎം, ലോക്‌താന്ത്രിക്‌ ജനതാദൾ, ജെഡിഎസ്‌, മുസ്ലിംലീഗ്‌, ആർഎൽജി, കെസിഎം, എഐയുഡിഎഫ്‌, എൻസി, പിഡിപി, ഫോർവേർഡ്‌ ബ്ലോക്ക്‌ തുടങ്ങി 20 പാർടികൾ യോഗത്തിൽ പങ്കെടുത്തു.


Leave a Reply

Your email address will not be published.