ഡിവൈഎഫ്ഐ നേതാക്കളുടെ മതം പറഞ്ഞു സന്ദീപ് വാര്യർ; വായടപ്പിച്ച് എ എ റഹിം


ചാനൽ ചർച്ചക്കിടെ ഡിവൈഎഫ്ഐ നേതാക്കളുടെ മതം പറഞ്ഞു ബിജെപി നേതാവ് സന്ദീപ് വാര്യർ. പൗരത്വ ഭേദഗതി നിയമത്തിന്‌ അനുകൂലമായി ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്കെതിരെ കൊലവിളി നടത്തിയതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ബിജെപി നേതാവ് മതം പറഞ്ഞു ഡിവൈഎഫ്ഐ നേതാക്കളെ വർഗീയവാദികൾ എന്ന് ആക്ഷേപിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പങ്കെടുത്ത ചർച്ചയിലാണ് നേതാക്കൾക്കെതിരെ ഇത്തരം പരാമർശം ഉണ്ടായത്. അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, തലശ്ശേരി എംഎൽഎ എ എൻ ഷംസീർ തുടങ്ങിയവർ വർഗീയവാദികളാണ് എന്ന തരത്തിൽ ബിജെപി നേതാവ് ആരോപണമുന്നയിച്ചത്.

മുസ്‌ലിം നാമധാരികളായ മുഴുവൻ ആളുകളെയും വർഗീയവാദികളായി ചിത്രീകരിക്കാനുള്ള ആർഎസ്എസ് ശ്രമത്തെ പൊളിച്ചടുക്കി എ എ റഹിം. ആർഎസ്എസ് അടിസ്ഥാനമാക്കുന്ന വിചാരധാരയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എ എ റഹിം ബിജെപി നേതാവിന്‍റെ വായടപ്പിച്ചത്. രാജ്യത്ത് മുസ്ലീങ്ങളും ക്രിസ്താനികളും കമ്മ്യൂണിസ്റ്റുകളും രണ്ടാം നിര പൗരന്മാരാണ്. ഇവര്‍ രാജ്യത്തിന് പുറത്ത് പോകേണ്ടവരാണ് തുടങ്ങിയ ആശയങ്ങളെ പിന്തുടരുന്നതിനാലാണ് സന്ദീപ് വാര്യര്‍ ഉള്‍പ്പടെയുള്ളവരെ വര്‍ഗ്ഗീയവാദികളെന്ന് വിളിക്കുന്നതെന്നും റഹീം വ്യക്തമാക്കി. ആര്‍എസ്എസ് പോലൊരു വര്‍ഗ്ഗീയ സംഘടന ആദ്യകാലം മുതല്‍ എതിര്‍ക്കുന്നരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നതില്‍ അഭിമാനമാണെന്നും എ എ റഹിം വ്യക്തമാക്കി.

തിങ്കളാഴ്‌ച കുറ്റിയാടിയിൽ നടത്തിയ രാഷ്‌ട്ര രക്ഷാ മാർച്ചിലാണ്‌ മുസ്ലിം ജനവിഭാഗത്തിനെതിരെ അസഭ്യവർഷവും മതസ്‌പർധ വളർത്തുന്ന മുദ്രാവാക്യം വിളിയും ഉണ്ടായത്‌. മതസ്‌പർധയുണർത്തുന്നവിധം മുദ്രാവാക്യം മുഴക്കിയവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക്‌ കമ്മിറ്റി പൊലീസിൽ പരാതി നൽകി. കുറ്റ്യാടി പൊലീസ്‌ കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തു. ഗുജറാത്ത്‌ വംശഹത്യ ഓർമയില്ലേയെന്ന മുദ്രാവാക്യം പ്രവർത്തകർ മുഴക്കി. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു പ്രകടനം. പരിപാടി തുടങ്ങും മുമ്പെ പ്രതിഷേധ സൂചനയായി വ്യാപാരികൾ കടകളടച്ചിരുന്നു. ഇത്‌ സംഘപരിവാർ നേതൃത്വത്തെ രോഷാകുലരാക്കി. തുടർന്നായിരുന്നു പ്രകോപന മുദ്രാവാക്യങ്ങൾ. പൗരത്വ നിയമത്തെ എതിർത്താൽ ഗുജറാത്ത് ആവർത്തിക്കുമെന്നും പാകിസ്ഥാനിലേക്ക്‌ പോകണമെന്നുമായിരുന്നു മുദ്രാവാക്യം. പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശും പ്രകോപനപരമായാണ്‌ പ്രസംഗിച്ചത്‌.


Leave a Reply

Your email address will not be published.