ചരിത്രത്തിൽ ഇന്ന്; റോസ ലക്സംബർഗും കാറൽ ലീബ്നെക്ടും കൊല്ലപ്പെട്ടിട്ട് ഇന്നനേക്ക് 101 വർഷം


1919 ജനുവരിയില്‍ കെപിഡിയുടെ (ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ) ഒരു യോഗത്തില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അവിടെ റോസ ലക്‌സംബര്‍ഗും കാറല്‍ ലീബ്‌നെക്ടും സംസാരിച്ചിരുന്നു. അവരാണ് വിപ്ലവത്തിന്റെ ധൈഷണിക നേതാക്കള്‍ എന്ന ധാരണ എനിക്ക് ലഭിച്ചു. അവരെ കൊല്ലണമെന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ ഉത്തരവ് പ്രകാരം അവരെ പിടികൂടി നിയമവാഴ്ചയെ തകിടം മറിക്കണമെന്ന് തീരുമാനിക്കേണ്ടതായിവന്നു…. അവര്‍ രണ്ടുപേരെയും കൊല്ലണമെന്ന ഈ തീരുമാനം അനായാസം ഉണ്ടായതല്ല…. ഈ തീരുമാനം ധാര്‍മികമായും ദൈവശാസ്ത്രപരമായും നീതീകരിക്കത്തക്കതാണെന്നു തന്നെയാണ് അന്നും ഇന്നും എന്റെ വിശ്വാസം”.

ജര്‍മന്‍ വിപ്ലവത്തെ തകര്‍ക്കുന്നതിനായി രൂപീകരിക്കപ്പെട്ട ആദ്യകാല ഫാസിസ്റ്റ് സംഘടനയായ ഫ്രൈകോര്‍പ്പ്‌സിലെ കമാന്‍ഡര്‍ വാള്‍ഡെമര്‍ പാബ്‌സെറ്റ് 1962ല്‍ റോസയെയും കാറലിനെയും കൊലപ്പെടുത്തിക്കഴിഞ്ഞ് 43 വര്‍ഷത്തിനുശേഷം, നടത്തിയ വെളിപ്പെടുത്തലാണിത്. ഭരണകൂടം നടത്തിയ, അതിന്റെ തന്നെ നിയമങ്ങള്‍ പാലിക്കാതെയുള്ള, അരുംകൊലയായിരുന്നു അത്. 1919 ജനുവരി 15നായിരുന്നു റോസയെയും കാറലിനെയും ഫ്രൈകോര്‍പ്‌സ് പിടിച്ചുകൊണ്ടുപോയത്. കാറലിന്റെ ശവശരീരം ഫ്രൈകോര്‍പ്‌സിന്റെ ആസ്ഥാനത്തിനടുത്ത് തെരുവില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തി. നാല് മാസത്തിനുശേഷം, മെയ് ഒടുവില്‍ അകലെ ഒരു ഓടയില്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് റോസയുടെ ശവശരീരം കണ്ടെത്തിയത്. ഇപ്പോള്‍ അവിടെയാണ് അവരുടെ പേരിലുള്ള രക്തസാക്ഷി സ്തൂപം നില്‍ക്കുന്നത്.

ആരായിരുന്നു റോസ ലക്‌സംബര്‍ഗ്? ആ അനശ്വര വിപ്ലവകാരിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ലെനിന്‍ ഇങ്ങനെ പ്രസ്താവിച്ചു: ”ചെമ്പരുന്തുകള്‍ ചിലപ്പോള്‍ പിടക്കോഴികളെക്കാള്‍ താണു പറക്കും; പക്ഷേ പിടക്കോഴികള്‍ക്കൊരിക്കലും ചെമ്പരുന്ത് പറക്കുന്ന അത്ര ഉയരത്തില്‍ പറക്കാനാവില്ല… എല്ലാ പിശകുകള്‍ക്കും ഉപരി റോസ ഉയരത്തില്‍ പറക്കാനാകുന്ന ചെമ്പരുന്തായിരുന്നു; നമ്മെ സംബന്ധിച്ചിടത്തോളം എക്കാലവും അവര്‍ അങ്ങനെ തന്നെ ആയിരിക്കും”. റോസയുടെ കുറ്റവും കുറവും പറഞ്ഞിരുന്ന വിമര്‍ശകരെ തള്ളിപ്പറഞ്ഞ് ലെനിന്‍ ആ വിപ്ലവകാരിയുടെ മഹത്വം വാനോളം ഉയര്‍ത്തിപ്പിടിക്കുകയാണുണ്ടായത്. അരാജകവാദിയോ പരിഷ്‌കരണവാദിയോ ആയിരുന്നില്ല റോസ; ജര്‍മന്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ സ്ഥാപകയായ റോസ ലക്‌സംബര്‍ഗ് ഒരു യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് വിപ്ലവകാരിയായിരുന്നു. അവരുമായി പല പ്രശ്‌നങ്ങളിലും വിയോജിപ്പുകള്‍ ഉണ്ടായിരുന്നു, പരസ്യമായിത്തന്നെ ആ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന, ലെനിന്‍ തന്നെയാണ് ഒരു മാര്‍ക്‌സിസ്റ്റ് വിപ്ലവകാരി, ഒരു കമ്യൂണിസ്റ്റ് എന്ന നിലയിലുള്ള റോസയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതും. അവരുടെ ജീവചരിത്രവും കൃതികളും എക്കാലത്തും കമ്യൂണിസ്റ്റുകാര്‍ക്ക് അമൂല്യമായ പാഠപുസ്തകമായിരിക്കും എന്നും ലെനിന്‍ പറഞ്ഞുവെച്ചു.


Leave a Reply

Your email address will not be published.