‘അഞ്ചാം പാതിര’ ഒരു സീറ്റ് എഡ്ജ് ത്രില്ലർ


ഇന്ദ്രൻസ് അവതരിപ്പിച്ച റിപ്പർ രവി എന്ന കഥാപാത്രം യഥാർത്ഥത്തിൽ പ്രേക്ഷകരെ സിനിമ കാണാൻ സജ്ജരാക്കുകയാണ്. പതിനാല് കൊലപാതകങ്ങൾക്ക് ശേഷം വധശിക്ഷ കാത്തുകിടക്കുന്ന കൊലയാളിയുടെ മാനസിക നിലയിലൂടെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ‘ചുറ്റികകൊണ്ട് ആൾക്കാരുടെ തലയ്ക്കടിക്കുമ്പോൾ തലയോട്ടി പൊളിയുന്നൊരു ശബ്ദം കേൾക്കാം. ഒപ്പം ഒരു നിലവിളിയും. ഈ രണ്ട് ശബ്ദങ്ങളും ചേരുമ്പോൾ ഒരു ലഹരി അറിയാതെ എന്നിലേക്ക് കയറും. ആ ലഹരി വീണ്ടും അറിയാനാണ് ഞാൻ ആളുകളെ കൊന്നുകൊണ്ടേയിരുന്നത് ‘ അഞ്ചാം പാതിര എന്ന ചിത്രം തുടങ്ങുന്നത് റിപ്പർ രവി ക്രിമിനോളജിസ്റ് ആയ അൻവർ ഹുസൈനോട് തന്റെ മാനസിക നില ഈ വിധം വിവരിച്ചുകൊണ്ടാണ്.

Image may contain: 1 person, sitting, beard and indoor

ആദ്യം ഫ്രെയിമിലേക്കെത്തുന്നത് നായകനായ കുഞ്ചാക്കോ ബോബൻ തന്നെയാണ്. അൻവർ ഹുസൈൻ എന്ന സൈക്കോളജിസ്റ്റിന്റെ വേഷമാണ് കുഞ്ചാക്കോ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലുടനീളം അൻവർ ഹുസൈൻ എന്ന സൈക്കോളജിസ്റ്റിന്റെ ചിന്തകൾക്കും നിഗമനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. സ്വന്തമായി ക്ലിനിക്കുണ്ടെങ്കിലും ക്രിമിനൽ സൈക്കോളജിയിലാണ് അൻവറിന് താത്പര്യം. ക്രിമിനോളജിസ്റ്റായി പോലീസിനെ സഹായിക്കണം എന്നാണ് അൻവറിന്റെ പ്രധാന ലക്ഷ്യം. അതിനായി സ്വന്തം രീതിയിൽ ചില കേസന്വേഷണങ്ങളും നടത്താറുണ്ട്. 14 കൊലപാതകങ്ങൾ നടത്തിയ രവിയെ ജയിലിൽവെച്ച് കാണുന്നതും അങ്ങനെയാണ്.

Image result for അഞ്ചാം പാതിര

ചിത്രം തുടങ്ങുന്നത് റിപ്പർ രാവിയിലൂടെയാണെങ്കിലും കഥയുമായി റിപ്പർ രവിക്ക് ബന്ധമില്ല. പ്രേക്ഷകനെ വില്ലനിൽ നിന്നും കഥാന്ത്യത്തിൽനിന്നും ഒഴിവാക്കി നിർത്താനുള്ള മുഴുവൻ ചേരുവകളും ഒരുക്കിയാണ് മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി എ.സി.പി അനിൽ മാധവനുമായുള്ള അടുത്ത സുഹൃദ്ബന്ധം അൻവറിന് ഡി.വൈ.എസ്.പി അബ്രഹാം കോശി ദുരൂഹ മരണത്തിന്റെ അന്വേഷണത്തിലേക്ക് എത്തിക്കുന്നത്. ഹൃദയവും കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലാണ് മൃതദേഹം ലഭിക്കുന്നത്. ഈ സൂചനകൾ കണ്ടപ്പോൾ തന്നെ പോലീസുകാരെ വേട്ടയാടുന്ന ഒരു സീരിയൽ കില്ലർ നഗരത്തിലുണ്ടെന്ന് അൻവർ വെളിപ്പെടുത്തുന്നു. എന്നാൽ പോലീസ് അത് കാര്യമാക്കുന്നില്ല. പിന്നീട് മറ്റൊരു പോലീസുകാരനും സമാനമായ രീതിയിൽ കൊല്ലപ്പെടുന്നതോടെ അൻവർ പോലീസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നു.

കമ്മീഷണർ കാതറിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കാതറീനയെത്തുന്നത് ഉണ്ണിമായ പ്രസാദാണ്. തുടർന്ന് പോലീസുകാരെ വേട്ടയാടി കൊല്ലുന്ന, ഒരു തെളിവുപോലും ബാക്കിവെക്കാത്ത സൈക്കോ കില്ലറെ തേടിയുള്ള ഈ ടീമിന്റെ കുറ്റാന്വേഷണമാണ് അഞ്ചാം പാതിര പ്രേക്ഷകർക്ക് മുന്നിൽ വെയ്ക്കുന്നത്. കുഞ്ചാക്കോ ബോബൻ ഉൾപ്പടെയുള്ള താരനിരയുടെ അഭിനയ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിനെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. ഒരു സസ്പെൻസ് ത്രില്ലര്‍ സിനിമയിലെ പ്രധാന ഘടകങ്ങളാണ് രചനയും സംവിധാനവും ഛായാഗ്രഹണവും. ഇവ മൂന്നും വേണ്ട രീതിയിൽ സമ്മേളിച്ചതാണ് അഞ്ചാം പാതിരയെ മികച്ചൊരു സിനിമയാക്കുന്നത്.

കരുത്തയായ വനിതാ പോലീസ് ഓഫീസർക്കുള്ള കസേരക്ക് ചേരുന്ന പ്രകടനമാണ് ഡി.സി.പി. കാതറിൻ മറിയയായ ഉണ്ണിമായ പ്രസാദിന്റേത്. എ.സി.പി. അനിൽ മാധവനാവാൻ നടത്തിയ കണ്ടെത്തൽ ജിനു ജോസഫിൽ എത്തിയെങ്കിൽ അതിനുള്ള കാരണം ഈ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലാകും. അതിഥി വേഷത്തിൽ വരുന്ന ഷറഫുദീനെ വരത്തന് ശേഷം ഇത്രയേറെ ഉപയോഗപ്പെടുത്താൻ മറ്റൊരു സിനിമക്കും സാധിച്ചില്ലെന്നതും ശ്രദ്ധേയം.

ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, സുധീഷ്, ഹരികൃഷ്ണന്‍, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീൻ, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ തുടങ്ങിയവർ തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ മികച്ചതാക്കി. കൈയടി നേടുന്ന ഡയലോഗുകളുമായി ശ്രീനാഥ് ഭാസി പ്രേക്ഷക പ്രീതി നേടുന്നുണ്ട്.

Image result for അഞ്ചാം പാതിര

മലയാളികളെ ഒരുപാടു ചിരിപ്പിച്ച ഷാ‍ജി പാപ്പനെ മലയാളികള്‍ക്കു സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന്റെ രചനയിലും സംവിധാനമികവിലും രൂപപ്പെട്ട ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. മനോഹരവും വ്യത്യസ്തവുമായ ഛായാഗ്രഹണം മികച്ചുനിന്നു. ചിത്രം ആവശ്യപ്പെടുന്ന ആകാംഷ ചിത്രീകരിക്കാൻ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്.

Image result for അഞ്ചാം പാതിര മിഥുൻ മാനുവൽ

ഒപ്പം ഷൈജു ശ്രീധറിന്റെ എഡിറ്റിങ്ങും ഗംഭീരമായി. ഭയം നിറക്കുന്നതും ഉദ്വേഗജനകമായ നിമിഷങ്ങളിൽ അതിനനുയോജ്യമായി സംഗീതോപകരണങ്ങളെ ക്രമപ്പെടുത്താനും സുഷിൻ ശ്യാമിന് സാധിച്ചിട്ടുണ്ട്. നിഴലുകളിൽ പതിയിരിക്കുന്ന കൊലപാതകി ആരെന്ന സസ്പെൻസ്, കൊലപാതകത്തിന്റെ കാരണമെന്തെന്ന് അറിയാനുള്ള വ്യഗ്രതയും, ആദ്യാവസാനം പ്രേക്ഷകരുടെ ആകാംക്ഷയും നെഞ്ചിടിപ്പും നിലനിർത്താനും സംവിധായകന് കഴിയുന്നു. ഏറ്റവും ആകർഷകമായ രീതിയിൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കഥ പറയാൻ മിഥുന് കഴിഞ്ഞു.

Image result for midhun manuel thomas

ആട്‌, അലമാര, ആൻമരിയ കലിപ്പിലാണ്‌, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ തുടങ്ങിയ ഫീൽ ഗുഡ് ചിത്രങ്ങൾ ഒരുക്കിയ മിഥുൻ അഞ്ചാംപാതിര ഷൂട്ട്‌ തുടങ്ങുന്നതിന്‌ മുമ്പേ പറഞ്ഞിരുന്നു. “ഏറ്റവും ഇഷ്‌ടപ്പെട്ട ത്രില്ലർ ജോണറിലേക്ക്‌ ചുവടുവയ്‌ക്കുന്നു’. നാട്ടിൻപുറം പശ്‌ചാത്തലമാകുന്ന കോമഡി സിനിമകൾ മാത്രം തന്നിട്ടുള്ള മിഥുൻ അത്‌ പറഞ്ഞപ്പോൾ പലരും സംശയിച്ചു. സംശയങ്ങളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന്‌ തെളിയിക്കുന്ന ചിത്രമാണ് അഞ്ചാം പാതിരാ.


Leave a Reply

Your email address will not be published.