സ്വാതന്ത്ര ഇന്ത്യകണ്ട ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന പ്രതിരോധസംഗമമായി മനുഷ്യമഹാശൃംഖല മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍


സ്വാതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയതും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്നതുമായ പ്രതിരോധസംഗമമായി മനുഷ്യമഹാശൃംഖല മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കിള്ളിപ്പാലത്ത് മനുഷ്യമഹാശ്യംഖലയില്‍ കണ്ണിയായ  ശേഷം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

ഭരണഘടനയെ അട്ടിമറിക്കാനും ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. രാജ്യം കീഴടങ്ങുന്നവരുടേതല്ല, പോരാടുന്നവരുടെതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും മതനിരപേക്ഷ സമൂഹവുമേറ്റെടുത്ത പ്രക്ഷോഭത്തിത്തില്‍ ജനങ്ങളാകെ അണിനിരക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരെയും യോജിപ്പിച്ച് നടത്തിയ ഉപവാസം, സര്‍വകക്ഷിയോഗം, നിയമസഭ പാസാക്കിയ പ്രമേയം, പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന പ്രഖ്യാപനവും ജനങ്ങളില്‍ പകര്‍ന്ന ആശ്വാസം ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.

സംഘപ്രചാരകരെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കര്‍, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിയോഗിച്ച് ഭരണഘടനയും പാര്‍ലമെന്ററി സംവിധാനങ്ങളും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടത്. ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാത്തെ ഐക്യത്തോടെ നമ്മള്‍ അണിനിരക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.  സിപിഐ എം ജില്ലാകമ്മിറ്റിയംഗം കരമന ഹരി അധ്യക്ഷനായി. പി രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.   


Leave a Reply

Your email address will not be published.