Wed. Feb 26th, 2020

മദ്ദള വിദ്വാന്‍ കലാരത്നം വാരണാസി വിഷ്ണു നമ്പൂതിരി (83) നിര്യാതനായി

പ്രശസ്ത മദ്ദള വിദ്വാന്‍ കലാരത്നം വാരണാസി വിഷ്ണു നമ്പൂതിരി (83) നിര്യാതനായി. തിങ്കളാഴ്ച രാത്രിയില്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 5ന്. ഭാര്യ പരേതയായ സരസ്വതി അന്തര്‍ജനം. മക്കള്‍: രാധാദേവി, വിഷ്ണുനാരായണന്‍ നമ്പൂതിരി. (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍).മരുമക്കള്‍: വി ഇശ്വരന്‍ നമ്പൂതിരി, രാധാദേവി.

വിദ്യാഭ്യാസകാലത്തുതന്നെ കഥകളി മദ്ദളവാദനം അഭ്യസിച്ചു തുടങ്ങി. കരുവാറ്റ കുമാരപ്പണിക്കര്‍, വെന്നിമല രാമ വാര്യര്‍ എന്നിവര്‍ ആദ്യ ഗുരുക്കന്‍മാരായി. 1952 ല്‍ മാവേലിക്കര മണ്ണൂര്‍ മഠം കൊട്ടാരം ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് കേരളകലാമണ്ഡലം ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. ജ്യേഷ്ഠ സഹോദരന്‍ കലാരത്‌നം വാരണാസി മാധവന്‍ നമ്പൂതിരി പ്രശസ്ത ചെണ്ട വിദ്വാന്‍ ആയിരുന്നു.

1972 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ‘കലാരത്‌നം’ എന്ന ബഹുമതി നല്‍കിയതോടെ അദ്ദേഹത്തിന് വാരണാസി വിഷ്ണു നമ്പൂതിരി എന്ന പേരുലഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക അവാര്‍ഡ്, കലാമണ്ഡലം പത്മശ്രീ കൃഷ്ണന്‍ നായര്‍ സ്മാരക അവാര്‍ഡ്, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ സ്മാരക അവാര്‍ഡ്, കലാമണ്ഡലം ഹൈദരാലി സ്മാരക അവാര്‍ഡ്, കേരള കലാമണ്ഡലം വാദ്യ അവാര്‍ഡ്, മാവേലിക്കര കഥകളി ആസ്വാദക സംഘ വീരശൃംഖല അവാര്‍ഡ്, തകഴി മാധവ കുറുപ്പ് സ്മാരക കഥകളി അവാര്‍ഡ്, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി പുരസ്‌കാരം, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ സ്മാരക കലാസാഗര്‍ അവാര്‍ഡ്, കണ്ണൂര്‍ നീലകണ്ഠര് സ്മാരക കഥകളി അവാര്‍ഡ് തുടങ്ങി നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ക്ക് അർഹനായിട്ടുണ്ട്.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.