Wed. Feb 26th, 2020

കാട്ടാക്കട കൊലപാതകം: പിടിയിലായവരിൽ ആര്‍എസ്എസ് പ്രവർത്തകരും

1 min read

കാട്ടാക്കട സംഗീത് വധക്കേസിലെ പ്രതികളായ ആറുപേർ കൂടി അറസ്‌റ്റിൽ. പിടിയിലായ പ്രതികളിൽ അഞ്ചുപേർ സജീവ ആർഎസ്എസ് പ്രവർത്തകരും രണ്ടുപേർ കോൺഗ്രസ് പ്രവർത്തകരുമാണ്. പ്രധാന പ്രതി സജു നേരത്തെ പൊലീസില്‍ കീഴടങ്ങിയിരുന്നു. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സംഗീതിനെ അടിച്ചുകൊന്നത്. കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയിലാണ് സംഭവമുണ്ടായത്. പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്.

പ്രധാന പ്രതിയും ജെസിബി ഉടമയുമായ ചാരുപാറ കോട്ടേക്കോണം വീട്ടിൽ സ്റ്റാൻലി ജോൺ (സജു–-48), ടിപ്പർ ഉടമ കിഴമച്ചൽ പദ്മിനി നിവാസിൽ മണികണ്ഠൻനായർ (ഉത്തമൻ–-34), ടിപ്പർ ഡ്രൈവർ കൊല്ലകോണം കുഴിവിളവീട്ടിൽ ലിനു(30), ക്ലീനർ മാറനല്ലൂർ കൂവളശ്ശേരി റോഡരികത്ത് വീട്ടിൽ മിഥുൻ(25), പുളിങ്കുടി പാലോട്ടുകോണം ലക്ഷ്മിഭവനിൽ ലാൽ കുമാർ(ഉണ്ണി -26), ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഉഷ ഭവനിൽ വിനീഷ്(തേങ്ങ അനീഷ് -26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

ജെസിബി ഓടിച്ച ചാരുപാറ വിജിൻ നിവാസിൽ വിജിനെ(24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടിപ്പറിന്റെ രണ്ടാമത്തെ ഡ്രൈവറായ ബൈജുവിനെയും സഹായികളായ രണ്ടുപേരെയുമാണ് ഇനി പിടികൂടാനുള്ളത്. എട്ടുപേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ലാൽ കുമാറും വിനീഷും പ്രതികളെ ഒളിവിൽ പോകാനും വാഹനങ്ങൾ ഒളിപ്പിക്കാനും സഹായിച്ചവരാണ്. ഒരു ടിപ്പറും രണ്ട് ജെസിബിയും സജുവിന്റേതാണ്, മറ്റൊന്ന് ഉത്തമന്റെയും. സജു വന്ന ബൈക്കും സംഭവസ്ഥലത്തുനിന്ന്‌ കസ്റ്റഡിയിലെടുത്തിരുന്നു. വിജിൻ, ലിനു, സജു, ഉത്തമൻ, മിഥുൻ, ഒളിവിലുള്ള ബൈജു എന്നിവരാണ് കേസിൽ നേരിട്ട് ഉൾപ്പെട്ടത്.

നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്‌പെക്ടർ ഡി ബിജുകുമാർ, എസ്ഐ ഗംഗാപ്രസാദ്‌, ഗ്രേഡ് എസ്ഐ ഹെൻഡേഴ്സൻ, അനിൽകുമാർ, അഭിലാഷ്, മഹേഷ് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.