Wed. Feb 26th, 2020

പൗരത്വനിയമ ഭേദഗതി പരാമർശം സഭയിൽ വായിച്ചു; വിയോജിപ്പ്‌ ഉണ്ട് എന്നാൽ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്ന് ഗവർണർ

നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതി പരാമർശം സഭയിൽ വായിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്. തനിക്ക് ഇതിനോട്‌ വ്യക്‌തിപരമായ വിയോജിപ്പ്‌ ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതുകൊണ്ട് വായിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ്‌ ഗവർണർ പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതി പരാമർശം വായിച്ചത്‌.

നയപ്രഖ്യാപനത്തിൽ ഭരണഘടനയുടെ 176 (ഡ) വകുപ്പുപ്രകാരം സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി ആ ഭാഗം വായിക്കില്ലെന്ന്‌ ഗവർണർ കഴിഞ്ഞ ദിവസം സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു. അതേസമയം പൗരത്വ വിഷയത്തിലെ സമരപരിപാടികൾ പ്രധാനപ്പെട്ട നയപരിപാടികൾ ആയതിനാൽ അതെങ്ങനെ വെറും കാഴ്‌ചപാട്‌ എന്ന്‌ പറഞ്ഞ്‌ മാറ്റിനിർത്തുമെന്ന്‌ സർക്കാർ ചോദിച്ചിരുന്നു. ആ ഭാഗം ഒഴിവാക്കാനാകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.

അതേസമയം നയപ്രഖ്യാപന പ്രസംഗത്തിന്‌ സഭയിലേക്കെത്തിയ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം തടഞ്ഞു. ഗവർണർ ഗോബാക്ക്‌ എന്നെഴുതിയ ബാനറുകളും പ്ലാകാർഡുകളും ഉയർത്തിയാണ്‌ പ്രതിപക്ഷം ഗവർണറെ തടഞ്ഞത്‌. നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.