Wed. Feb 26th, 2020

സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

ഒടുവില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങളടക്കം മുഴുവന്‍ പ്രസംഗവും സഭയിൽ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിയോജിപ്പുകള്‍ രേഖപ്പെടുത്തിയെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ വഴങ്ങുകയായിരുന്നു. എതിര്‍ത്ത് നിന്ന ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അവസാനഘട്ട ഇടപെടലില്‍ വഴങ്ങുകയായിരുന്നു. നയപ്രഖ്യാപനം മുഴുവന്‍ വായിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാരിന് നേട്ടമായി. പ്രസംഗത്തില്‍ മാറ്റംവരുത്തണമെന്ന് ഗവര്‍ണര്‍ നിരവധിതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നില്ല.

നയപ്രഖ്യാപനത്തിൽ ഭരണഘടനയുടെ 176 (ഡ) വകുപ്പുപ്രകാരം സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി ആ ഭാഗം വായിക്കില്ലെന്ന്‌ ഗവർണർ കഴിഞ്ഞ ദിവസം സർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതടക്കം ആരിഫ് മുഹമ്മദ് ഖാന്‍ സഭയില്‍ വായിച്ചു. ഈ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ ബഹുമാനിച്ചാണ് എതിര്‍പ്പുള്ള ഭാഗം വായിക്കുന്നത് എന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം തന്റെ എതിര്‍പ്പ് രേഖപ്പെടുത്താന്‍ സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെടുമോ എന്നത് വ്യക്തമല്ല. ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അത് രേഖകളിലുണ്ടാവില്ല.

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.